നിലമ്പുർ: ആഗോള അയ്യപ്പ സംഗമം നാടകമാണെന്ന് പി.വി. അന്‍വര്‍. അയ്യപ്പനുമായി ഒരു ആത്മാർഥതയും ഇല്ലാത്ത ആളുകളുടെ സംഗമമാണ് നടക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വിഷയത്തിലെ നിലപാട് മൂന്നുവര്‍ഷം മുന്‍പ് നമ്മള് കണ്ടതാണ്. സ്ത്രീസാന്നിധ്യം ശബരിമലയില്‍ ഉറപ്പാക്കാന്‍ വലിയ ശ്രമമാണ് അന്ന് സര്‍ക്കാര്‍ നടത്തിയതെന്നും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയും സര്‍ക്കാരും മോശം കാര്യമാണ് ചെയ്തത്. താന്‍ ഒരു വര്‍ഗീയവാദി ആണെന്ന് നെറ്റിപ്പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറില്‍ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. മോദിയെക്കാള്‍ വര്‍ഗീയത തുപ്പുന്ന യോഗിയെ കൊണ്ടുവരാന്‍ എന്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അൻവർ ചോദിച്ചു.
പോലീസ് വിഷയങ്ങള്‍ മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. വര്‍ഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഗീയത ഏല്‍ക്കില്ലെന്ന് സംഗമം തെളിയിച്ചു. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടു. അവിടുത്തെ രണ്ട് പഞ്ചായത്തിലെ സഖാക്കള്‍ വന്നാല്‍ പോലും സദസ് നിറഞ്ഞേനെ. മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് ഇപ്പോള്‍ ആളില്ലാത്ത അവസ്ഥയാണെന്നും അന്‍വര്‍ പറഞ്ഞു.
അയ്യപ്പസംഗമത്തിലെ ആളില്ലാ കസേരകളുടെ ദൃശ്യങ്ങൾ എഐ ആകാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകളെ അൻവർ പരിഹസിച്ചു. നാളെ വെളളാപ്പളളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചത് എഐ ആണെന്ന് എം.വി. ഗോവിന്ദന് പറഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.